Tuesday 12 November 2013

കാലം സാകഷി:കേരളം മാറുന്നു

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ പുഴകളും,വയലുകളും,അരുവികളും,കുന്നുകളും,തോടുകളും ഇടതൂര്‍ന്ന് നിറഞ്ഞ് ഗൃഹാതുരത്ത്വം കാത്തുസൂക്ഷിക്കുന്ന വീട്ടമ്മയെപ്പോലെ പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യശോഭയില്‍ മുങ്ങിക്കുളിച്ച് ആ സുന്ദരകേരളം ഇന്ന് നമുക്ക് അന്യമാണ്.നമ്മുടെ കേരളം മാറിയിരിക്കുന്നു.കാഴ്ചയിലും,രീതിയിലും,ഘടനയിലും എല്ലാം ഈ മാറ്റം പ്രകടമാണ്.പണ്ട് പ്രവാസികളായ മലയാളികള്‍ അവര്‍ ലോകത്തിന്റെ ഏത് കോണിലിരുന്നാലും അവരുടെ ചുണ്ടില്‍ തത്തിക്കളിച്ചിരുന്ന ഒരു ഗാനം ഉണ്ടായിരുന്നു.ഏത് പ്രതിസന്ധിയിലും ആ ഗാനം അവന്റെ ചുണ്ടില്‍ മായാതെ മങ്ങാതെ ഒരു പ്രത്യേക ആശ്വാസമായി നിലനിന്നു.മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്.ലോകത്തിന്റെ ഏത് കോണിലായിരുന്നലും ഒരു മലയാളിയുടെ ഗൃഹാതുര സ്മരണകള്‍ ഉയര്‍ത്തുകയും ആനന്ദകരമായ അനുഭൂതി പകര്‍ന്നു നല്‍കുകയും ചെയ്ത ഈ വരികളോട് നീതിപുലര്‍ത്താന്‍ ഇന്നത്തെ കേരളത്തിന് കഴിയില്ല.ഇന്ന് ഫ്‌ളാറ്റുകളും,ഫാക്ടറികളും കോണ്‍ക്രീറ്റ് സൗധങ്ങളും കേരത്തിന്റെ ഹരിതഭംഗിയെ ചോദ്യം ചെയ്തുകൊണ്ട് ഉയര്‍ന്നു വന്നിരിക്കുന്നു.നിരത്തുകള്‍ വാഹനങ്ങളുടെ ആധിക്യംമൂലവും മനുഷ്യരുടെ അശ്രദ്ധമൂലവും കൊലക്കളങ്ങളായി മാറിയിരിക്കുന്നു.പരിശുദ്ധിയുടെ പര്യായങ്ങള്‍ ആയിരുന്ന നമ്മുടെ ജലാശയങ്ങള്‍ മാലിന്യങ്ങളുടെ ചവറ്റുകൊട്ടയായി മാറിയിരിക്കുന്നു.മനുഷ്യരുടെ പരസ്പര ബന്ധങ്ങള്‍ക്ക് പണ്ടുണ്ടായിരുന്ന വിശുദ്ധിയും,നൈര്‍മമല്ല്യവും കൈമോശം വന്നിരിക്കുന്നു.ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും കേരളീയ ജനതയെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു.സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന പീഢനങ്ങള്‍ കേരളസംസ്‌ക്കാരത്തിന്റെ പ്രതിച്ഛായയ്ക്കുതന്നെ മങ്ങലേല്‍പ്പിക്കുന്നു.തൊഴില്‍രഹിതരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു.കൂടാതെ പുത്തന്‍ തലമുറ പാശ്ചാത്യ സംസ്‌കാരത്തെ അന്ധമായി അനുകരിക്കുന്ന ഒരു പ്രവണത കടന്നുവന്നിരിക്കുന്നു.നടപ്പിലും ഇരുപ്പിലും വസ്ത്രധാരണത്തിലും എല്ലാം ഈ മാറ്റം പ്രകടമാണ്.കേരളവസ്ത്രം ധരിക്കുന്നവരെ സംശയത്തോടെ വീക്ഷിക്കുന്നതുവരെയെത്തി കാര്യങ്ങള്‍കാലത്തിന്റെ കുത്തൊഴുക്കില്‍ ലോകത്ത് മുഴുവനായിവന്ന മാറ്റത്തിന്റെ ചെറിയൊരു മാറ്റൊലി മാത്രമേ നമ്മുടെ കേരളത്തില്‍ സംഭവിച്ചുള്ളു.എങ്കിലും ഈ മാറ്റങ്ങള്‍ ഒരു സാധാരണ മലയാളിക്ക് അസ്സഹനീയമാണ് ഈ മാറ്റങ്ങള്‍ അവന്റെ ജീവിതക്രമങ്ങളെയും വളരെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്.ഈ പ്രതിസന്ധികള്‍ക്കിടയിലും നമ്മുടെ കേരളം വിനോദ സഞ്ചാരികളുടെ പറുദീസയാണ്ഒരു ടൂറിസ്റ്റ് തീര്‍ച്ചയായും സഞ്ചരിക്കേണ്ട പത്ത്. സ്ഥലങ്ങളില്‍ ഒന്ന് നമ്മുടെ കൊച്ചു കേരളം ആണ്.ഏതവസ്ഥയിലും മറ്റുള്ളവരെ തന്നിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന എന്തോ ഒന്ന് കേരളത്തിനുണ്ട്.അതുകൊണ്ടായിരിയ്ക്കാം കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത്.കേരളത്തിന്റെ ഇന്നലകള്‍ പ്രശ്‌നരഹിതമായിരുന്നു എന്നല്ല ഇവിടെ സമര്‍ത്ഥിക്കുന്നത.ജാതിവ്യവസ്ഥ,ജന്‍മിത്ത്വം,അയിത്തം എന്നിവ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാം.എന്നിരുന്നാലും അന്നത്തെ സാമൂഹിക ജീവിത്തിന് സമാധാനവും,ഐക്യവും,കെട്ടറപ്പും ഉണ്ടായിരുന്നു.ഇന്നത്തെ കേരളത്തിന് ഇത് കൈമോശംവന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഈ മാറ്റം കാലത്തിന്റെ അനിവാര്യതയാണെന്ന യാതാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ വെറുതെ ആശിച്ചുപോകുന്നു.കാരണം കഥകളിലൂടെ കേട്ടറിഞ്ഞ ആ കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ അത്രയ്ക്ക് മാധുര്യമേറിയതാണ്.നമ്മുടെ സമൂഹത്തിനും ചുറ്റുപാടിനും ഇനിയും മാറ്റങ്ങള്‍ ഉണ്ടാകും.സ്മാര്‍ട്‌സിറ്റി പോലുള്ള നൂതന ആശയങ്ങള്‍ കേരളത്തെ ഇപ്പോഴുള്ളതില്‍ നിന്നും വ്യത്യസ്തമാക്കുമായിരിക്കും.എല്ലാത്തിനും മൂകസാക്ഷിയായി കാലം നടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു.

No comments:

Post a Comment