Monday 25 November 2013

മാറുന്ന മലയാളവും മലയാളികളും; ഇന്നത്തെ കേരളം ചില നേര്‍ക്കാഴ്ചകള്‍


കേരം തിങ്ങിയ കേരളത്തിനെ കുറിച്ച് വാചാലരാകാന്‍ സാഹിത്യകാരന്മാര്‍ക്ക് വാക്കുകള്‍ മതിയാകില്ല. എന്നാല്‍ ഇന്നത്തെ കേരളത്തിന്റെ ദുരവസ്ഥ വിവരിക്കാന്‍ സാക്ഷാല്‍ കുമാരനാശാന്‍ പോലും മടിക്കും. സംസ്‌കാരത്തെ പ്ലാസ്റ്റിക്കുകള്‍ കൊണ്ടുള്ള ചിതയില്‍ സംസ്‌കരിച്ചു കൊണ്ടിരിക്കുന്ന ആധുനികതയില്‍ റീചാര്‍ജ്ജ് കൌണ്ടര്‍ തുറക്കുമോ എന്ന് വെപ്രാളപ്പെടുന്ന കണ്ണുകളുമായി മലയാളികളുണ്ട്.
വിദേശ മദ്യ ഷാപ്പുകളുടെ പടി വാതില്‍ക്കല്‍ കോഴി കൂവുന്നതിനു മുന്‍പ് തന്നെ ഹാജരാകണം എന്ന് നിര്‍ബന്ധം ഉള്ളവരായി മാറി നമ്മള്‍ ”മല്ലൂസ്”. ചമ്മന്തിയും, ചെറുപയര്‍ പുഴുക്കും, ചുട്ട പപ്പടവും കൂട്ടി രുചിയോടെ പ്ലാവില കോട്ടി കഞ്ഞി കുടിച്ചിരുന്ന കാലം കേരളത്തിന്റെ ചരിത്ര പുസ്തകങ്ങളില്‍ സ്ഥാനം പിടിച്ചു. നമ്മുടെ ദേശീയ ഭക്ഷണമായി പൊറോട്ടയും ചിക്കനും തീന്‍ മേശയില്‍ അന്തസ്സോടെ കുത്തിയിരിക്കാന്‍ തുടങ്ങി. ഒരു തരത്തില്‍ പറഞ്ഞാല്‍ ഫാസ്റ്റ് ഫുഡിന്റെ അരങ്ങേറ്റത്തോടെ കേരള സംസ്‌കാരം തന്നെ മാറി. അങ്ങിനെ മല്ലൂസ് ബ്ലഡ് പ്രഷറിനും, ഷുഗറിനും, കൊളസ്‌ട്രോളിനുമൊക്കെ അടിമകളായി മാറി. ഈ അടിമത്തം അവസാനിപ്പിക്കനെന്നോണം ഒടുവിലൊരു ഹാര്‍ട്ട് അറ്റാക്കും. പിറന്നു വീണ കുഞ്ഞുനാള്‍ മുതല്‍ രുചിയോടെ നുകരുന്നത് വര്‍ണ്ണ പനീയങ്ങളാണ്. പല പേരില്‍ നൂഡില്‍സുകളും, സ്‌നാക്‌സും കേരളത്തിലെ കുഞ്ഞു കുഞ്ഞു കടകളില്‍ പോലും ലഭിക്കുന്നു.
മുന്‍പൊക്കെ ഒരു നാടിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ ഓടി വരുന്ന ചില ഓര്‍മ്മകളുണ്ട്. നാലും കൂടിയ കവല, ചായക്കട, വായന ശാലകള്‍, കാവുകള്‍, അങ്ങിനെ…… എന്നാല്‍ നാല്‍ക്കവലയില്‍ ചായക്കടക്ക് പകരം ഇന്ന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കൂറ്റന്‍ ഷോപ്പിംഗ് മാളുകള്‍, വായന ശാലകള്‍ക്കു പകരം ഇന്റര്‍നെറ്റ് കഫേകളും, കാവുകള്‍ക്ക് പകരമായി വാട്ടര്‍ തീം പാര്‍ക്കുകളും ഒക്കെയായി മലയാളികള്‍ തന്നെ മലയാളിത്തത്തെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തികൊണ്ടിരിക്കുകയാണ്.
എക്കാലത്തും മലയാളിയുടെ സംസ്‌കാരത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ശീലമായിരുന്നു വായന. വായന മരിക്കുന്നു എന്ന് അലമുറയിടുന്നവരോട് ഒരു വാക്ക്, യഥാര്‍ത്തത്തില്‍ വായനയല്ല മരിക്കുന്നത് വാക്കുകളാണ്. കാരണം ഇന്ന് മലയാളി സ്വന്തം ഹൃദയത്തേക്കാളേറെ സുരക്ഷിതമായി സൂക്ഷിക്കുന്നത് മൊബൈല്‍ ഫോണുകളെയാണ് . വിശാലമായി വായിക്കാനുള്ള അവസരമാണ് മൊബൈല്‍ നഷ്ടമാക്കുന്നത്. ഏകപക്ഷീയമായ വായനയില്‍ മുഴുകിയിരിക്കുമ്പോഴായിരിക്കും ചിത്തത്തെ ശല്യമാക്കാന്‍ മൊബൈല്‍ അലറുന്നത്. അതോടു കൂടി അവിടെ പൂര്‍ണ്ണ വിരാമം. ബഷീറും, തകഴിയും, ഉള്ളൂരും, വള്ളത്തോളും എല്ലാം അലമാരയിലെ കൂരിരുട്ടില്‍.
എന്തിനേറെ പറയുന്നു ഇത്തരം ശല്യങ്ങളുടെ പ്രേരണ മൂലമാകാം സമൂഹത്തില്‍ പുത്തനെഴുത്തുകാരെ സ്വീകരിക്കാനൊരു മടി. പുതിയ എഴുത്തുകാരിലും കാണുന്ന ഒരു പ്രവണത എന്തെന്നാല്‍ ഇന്നത്തെ എഴുത്തിലെ വിഷയങ്ങള്‍ ഏറിയ പങ്കും പ്രണയം, പീഡനം, ക്രൂരത തുടങ്ങിയവയാണ്. പുത്തനെഴുത്തുകാരെ പറഞ്ഞിട്ട് കാര്യമില്ല, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇന്ന് നടക്കുന്ന കാര്യങ്ങളാണ് ഇവയൊക്കെ. ആദ്യം ചാറ്റിങും പിന്നെ ചീറ്റിംഗുമാണ്. പ്രണയം പോലും മലയാളിക്കിന്ന് അന്യമായി പോവുകയാണ്. പ്രണയം സഫലമാകാന്‍ എത്ര വര്‍ഷങ്ങള്‍ പോലും കാത്തിരുന്ന ഹൃദയങ്ങളുണ്ടായിരുന്നു പണ്ട്. ഇന്ന് മലയാളിക്ക് എല്ലാം ഒരു ക്ലിക്കില്‍ ഒതുങ്ങണം.
മലയാള നാട്ടില്‍ പെണ്‍ വാണിഭം ഇന്നൊരു അപരിചിതമായ വാക്കല്ല. സൂര്യനെല്ലിയും, വിതുരയു, കിളിരൂരും മലയാളികള്‍ മറന്നിട്ടില്ല. എന്നിട്ടും പിന്നെയും പിന്നെയും അവ മറ്റൊരു പേരില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്.
കാലത്തിന്റെ കുത്തൊഴുക്കില്‍ സ്വയം ഒഴുകിപ്പോയവയും, നാം ഒഴുക്കിവിട്ടതുമായ നമ്മുടെ പൈതൃകവും, സവിശേഷതയും, സംസ്‌കാരവും, നന്മയുമെല്ലാം വരും തലമുറകള്‍ക്ക് അന്യമായി പോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാന്‍ മാത്രമേ നമുക്കാവുന്നുള്ളൂ.

No comments:

Post a Comment